This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ, വടക്കന്‍ കോട്ടയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ, വടക്കന്‍ കോട്ടയം

വരകവിയും ഉമയമ്മറാണിയുടെ പ്രധാനോപദേഷ്ടാവും സൈന്യാധിപനുമായിരുന്ന കോട്ടയം രാജകുടുംബാംഗം. തുഞ്ചത്ത് എഴുത്തച്ഛന്റെ കാലത്തിനുശേഷം കിളിപ്പാട്ടു രീതിയില്‍ ഗ്രന്ഥങ്ങള്‍ നിര്‍മിച്ചു യശസ്സുനേടിയ ആദ്യത്തെ കവിയാണ് ഇദ്ദേഹം. പൂര്‍ണനാമം വീരകേരളവര്‍മ എന്നാണ്. കൊ.വ. 871-ലെ ഒരു ശിലാശാസനപ്രകാരം ഇദ്ദേഹം കൊ.വ. 820-ാമാണ്ടോടടുപ്പിച്ച് ജനിച്ചിരിക്കണം എന്നാണ് ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതുവാതപ്പാട്ട് എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെ പരാമര്‍ശിച്ച് ഒരു വില്ലടിച്ചാന്‍പാട്ട് മുന്‍ തെക്കന്‍തിരുവിതാംകൂറില്‍ പ്രചരിപ്പിച്ചിരുന്നു.

അക്കാലത്ത് ഉമയമ്മറാണിയുടെ പുത്രനായ രവിവര്‍മയ്ക്കു പതിനാറു വയസ്സു തികയാത്തതിനാല്‍ റാണി തന്നെ ഭരണഭാരം വഹിക്കുകയായിരുന്നു. വേണാട്ടിലെ പടവീടു സംരക്ഷിക്കുന്നതിന് ആളില്ലാത്തതിനാല്‍ അവിടന്നു ദത്തും തിരുമാടമ്പും കൊണ്ട് ആ സാഹായം തനിക്കു ചെയ്തു തരണമെന്ന് ഉമയമ്മറാണി അഭ്യര്‍ഥിക്കുകയും അങ്ങനെ അദ്ദേഹം വേണാട്ടിലെ ഇളയരാജാവായി(കൊ.വ.854)ത്തീരുകയും 17 വര്‍ഷം ഇളയരാജാവായി തുടരുകയും ചെയ്തു. രവിവര്‍മ കൊ.വ. 860-ല്‍ മൂപ്പേറ്റു. അക്കാലത്ത് രവിവര്‍മയും കേരളവര്‍മയും സമസ്കന്ധന്മാരെന്ന നിലയില്‍ നാടുവാണിരുന്നുവെന്ന് ഉള്ളൂര്‍ പ്രസ്താവിച്ചിരിക്കുന്നു.

കൊ.വ. 853-ല്‍ മുകിലന്‍ എന്ന പേരില്‍ പ്രസിദ്ധനായ ഒരു മുസ്ലിം സേനാനി തിരുവിതാംകൂര്‍ കൈയേറി മണക്കാട്ടു പാളയമടിച്ചുകൊണ്ട് രാജ്യത്തിനു പല ഉപദ്രവങ്ങളും ചെയ്തു. കേരളവര്‍മ ആദ്യമായി ആ ശത്രുവിനെ തിരുവട്ടാറ്റുവച്ചു നടന്ന ഒരു യുദ്ധത്തില്‍ നാമാവശേഷമാക്കി.

തിരുവനന്തപുരത്ത് പുത്തന്‍കോട്ടയിലുള്ള കൊട്ടാരം പൊളിച്ചു കോട്ടയ്ക്കകത്ത് വലിയകോയിക്കലെന്നും കൊച്ചുകോയിക്കല്‍ (തേവാരത്തു കോയിക്കല്‍) എന്നും രണ്ടു കോവിലകങ്ങള്‍ ഇദ്ദേഹം പണിയിച്ചു. അവ തിരുവിതാംകൂര്‍ രാജ്ഞിമാരുടെ ആവാസസ്ഥാനമായി മാറി.

കൊ.വ. 871 തൈമാസം 25-നു കേരളവര്‍മ ഒരു വിളംബരംമൂലം പുലപ്പേടിയും മണ്ണാപ്പേടിയും ഉന്മൂലനം ചെയ്തു. നോ. പുലപ്പേടി; മണ്ണാപ്പേടി

അനന്തരം ആഭ്യന്തരകലഹങ്ങള്‍ ശമിപ്പിക്കുന്ന കാര്യത്തില്‍ ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചു. കല്‍ക്കുളത്തു വച്ച് കലഹകാരികളില്‍ ചിലര്‍ക്ക് വധശിക്ഷ നല്‍കി. പഴയ ഉദ്യോഗസ്ഥന്മാരില്‍ ചിലരെ മാറ്റിയിട്ടു പുതുതായി ചിലരെ നിയമിച്ചു. അതില്‍ ക്ഷോഭിച്ച് പഴയ കൂട്ടരില്‍ പതിനാറുപേര്‍ ഇദ്ദേഹത്തെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യുകതന്നെ വേണമെന്നു തീരുമാനിച്ചു. ഒരു രാത്രി (കൊ.വ. 871-മാണ്ടു കര്‍ക്കടകം 22-നു) വലിയകോയിക്കല്‍ കോവിലകത്തേക്കുള്ള യാത്രാമധ്യേ ശത്രുക്കള്‍ ഇദ്ദേഹത്തെ വളഞ്ഞുകൊലപ്പെടുത്തി.

സുന്ദരകാണ്ഡാവസാനം വരെയുള്ള വാല്മീകിരാമായണം കിളിപ്പാട്ട്, പാതാളരാമായണം, ബാണയുദ്ധം, വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട്, മോക്ഷദായകപ്രകരണം, മോക്ഷസിദ്ധിപ്രകരണം, ഭീഷ്മോപദേശം എന്നീ ഭാഷാഗാനങ്ങളും പടസ്തുതി എന്നൊരു ഭാഷാസ്ത്രോത്രവും 'രാഗമാലിക', 'പദ്മനാഭകീര്‍ത്തനം' എന്നിങ്ങനെ രണ്ടു സംസ്കൃത ഗാനങ്ങളും ഇദ്ദേഹം രചിച്ചതായി കാണുന്നു.

സുന്ദരകാണ്ഡാവസാനം വരെയുള്ള വാല്മീകിരാമായണം കിളിപ്പാട്ട് ആ മഹാകവിയുടെ കൃതികളില്‍ വച്ച് അതിപ്രധാനവും വിശിഷ്ടതമവുമാകുന്നു. കേരളവര്‍മ രാമായണം എന്ന് സാധാരണമായി അറിയപ്പെടുന്ന ഈ കൃതി വാല്മീകിരാമായണത്തിന്റെ പ്രതിപദമോ പ്രതിശ്ലോകമോ വൃത്താനുവൃത്തമോ ആയ ഒരു വിവര്‍ത്തനമല്ല. മൂലഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളൊന്നും വിട്ടുപോകരുതെന്നും മലയാളികള്‍ക്കു വായിച്ചാല്‍ മനസ്സിലാകത്തക്ക ലളിതഭാഷയിലായിരിക്കണമെന്നും മാത്രമേ ഇദ്ദേഹത്തിന് നിഷ്കര്‍ഷയുണ്ടായിരുന്നുള്ളൂ. ആധുനിക മലയാളത്തിന്റെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മരാമായണ വിവര്‍ത്തനത്തില്‍ അനുകരിച്ചതുപോലെ ഇദ്ദേഹവും ചുരുക്കേണ്ടിടത്തു ചുരുക്കിയും കൂട്ടേണ്ടിടത്തു കൂട്ടിയും വിവരിക്കേണ്ടിടത്തു വിവരിച്ചും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിച്ചും ആണ് വാല്മീകിരാമായണം ഭാഷാന്തരം ചെയ്തിട്ടുള്ളതെന്ന് മൂലവുമായി ഒത്തുനോക്കിയാല്‍ ബോധ്യമാകും.

പാതാളരാമായണം കിളിപ്പാട്ട് നാലു പാദങ്ങളുള്ള ഒരു ചെറുകൃതിയാണ്. ബാണയുദ്ധം ചെറുതായ ഒരു ഭാഷാഗാനമാകുന്നു. വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട് തത്ത്വോപദേശ സമ്പൂര്‍ണമായ ഒരു കവിതയാണ്. ഇതിനുപയോഗിച്ചിട്ടുള്ളത് കിളിപ്പാട്ടു വൃത്തമാണെങ്കിലും ഹംസം കഥ പറയുന്നതുകൊണ്ടാവാം ഹംസപ്പാട്ടെന്ന പേര് സിദ്ധിച്ചത്. മോക്ഷദായകപ്രകരണം, മോക്ഷസിദ്ധിപ്രകരണം, ഭീഷ്മോപദേശം എന്നിവ വേദാന്തപരമായ ഭാഷാഗാനകൃതികളാകുന്നു. മുകിലനുമായുള്ള യുദ്ധത്തിനു മുമ്പ് തമ്പുരാന്‍ തിരുവട്ടാറ്റ് ആദികേശവസ്വാമിയെ തൊഴുതു വിജയപ്രാര്‍ഥന ചെയ്യുവാന്‍ പോയ അവസരത്തില്‍ ഉണ്ടാക്കിച്ചൊല്ലിയതാണ് പടസ്തുതി.

രാഗമാലയും പദ്മനാഭകീര്‍ത്തനവും അതിരമണീയങ്ങളായ സംസ്കൃതഗാനങ്ങളാകുന്നു. ഭാഷാകവിതയെ സംസ്കൃതത്തിന്റെ പിടിയില്‍ നിന്നു വിടര്‍ത്തുവാന്‍ അക്ഷീണ പരിശ്രമം ചെയ്തിട്ടുള്ള പ്രാക്തനകവികളുടെ മധ്യത്തില്‍ ഇദ്ദേഹത്തിനു കല്പിക്കേണ്ട സ്ഥാനം അപശ്ചിമമാണ്. എഴുത്തച്ഛന്റെ മഹാഭാരതത്തിലെ ഭാഷാശൈലിയാണ് ഇദ്ദേഹം അനുസരിച്ചിരിക്കുന്നത്. തന്റെ ശക്തിക്ക് അനുസരണമായി തമ്പുരാന്‍ ആ ഗുരുനാഥന്റെ വിനീത ശിഷ്യനായും വിദൂരാനുയായിയായും നിലകൊള്ളുന്നു. സംസ്കൃത ഗ്രന്ഥങ്ങളെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതിനും സംക്ഷേപിക്കുന്നതിനും ഇദ്ദേഹത്തിന് അദ്ഭുതാവഹമായ വൈഭവമുണ്ട്. ശ്രുതികള്‍, ഇതിഹാസപുരാണങ്ങള്‍, വേദാന്താദിശാസ്ത്രങ്ങള്‍ ഇവയില്‍ ഇദ്ദേഹത്തിനുള്ള നിഷ്ണാതതയും അസാധാരണമാണ് (ഉള്ളൂര്‍). ഇദ്ദേഹത്തിന്റെ രാജ്യസേവനവും സാഹിത്യസേവനവും ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍